തിരുവനന്തപുരം: തെരഞ്ഞെടുപ്പുജോലി ചെയ്ത ജീവനക്കാരിൽ 10,000ത്തോളം പേർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു വിവരം. തപാൽ വോട്ട് ചെയ്യാനാകാത്ത ജീവനക്കാർ ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയാണ്.
എത്രത്തോളം ജീവനക്കാർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യമായ മറുപടി നൽകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ 7.49 ശതമാനം പേർക്ക് വോട്ട് ചെയ്യാനായിട്ടില്ലെന്നാണ് ഒരാഴ്ച മുൻപ് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്.
1.46 ലക്ഷം ജീവനക്കാരാണ് തെരഞ്ഞെടുപ്പു ജോലികളിൽ പങ്കെടുത്തത്. ഇതിൽ 7.49 ശതമാനം പേർക്ക് വോട്ട് ചെയ്യാനായില്ലെന്നാണ് കണക്ക്. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടുചെയ്യാനായിരുന്നു ക്രമീകരണം ഒരുക്കിയിരുന്നത്.
എന്നാൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ എത്തിയ ദിവസങ്ങളിൽ ബന്ധപ്പെട്ട മണ്ഡലത്തിലെ ബാലറ്റ് എത്തിക്കാനാകാത്തതാണ് തിരിച്ചടിയായത്. ഇവർക്ക് പോളിംഗ് സാധന വിതരണ കേന്ദ്രത്തിൽ വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്ന് കമ്മീഷൻ പിന്നീട് അറിയിച്ചു. എന്നാൽ ചില വിതരണകേന്ദ്രങ്ങളിൽ പകുതിയോളം ബാലറ്റ് മാത്രമാണ് എത്തിയത്. ബാക്കിയുള്ളവർക്ക് വോട്ട് നിഷേധിച്ചെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.
ഉദ്യോഗസ്ഥരുടെ തപാൽ ബാലറ്റ് ഉറപ്പാക്കുന്നതിൽ ചില വരണാധികാരികൾക്കും വീഴ്ചയുണ്ടായി.എന്നാൽ, അർഹരായവർക്കെല്ലാം വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയെന്നും നടപടികൾ പൂർത്തിയാക്കിയത് നിയമാനുസൃതമാണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ എല്ലാവരും തപാൽവോട്ടിന് അപേക്ഷിച്ചോ എന്നതിലും കമ്മീഷൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വോട്ട് നിഷേധത്തിനെതിരേ എൻജിഒ യൂണിയനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.